സെമി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീന ഇന്ന് നെതർലാൻഡ്‌സിനെതിരെ

ദോഹ: ഖത്തർ ലോകകപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീന ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന പോരാട്ടത്തിൽ കരുത്തരായ നെതർലാൻഡ്‌സാണ് അർജന്റീനയുടെ എതിരാളികൾ. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി റോഡ്രിഗോ ഡി പോളും എയ്ഞ്ചൽ ഡി മരിയയും കളിക്കുമെന്നുള്ള സൂചനയാണ് കോച്ച് ലയണൽ സ്‌കലോണി നൽകുന്നത്.

‘ഡി പോളും, ഡി മരിയയും ഇന്നലെ പരിശീലനം നടത്തി. ചിലപ്പോൾ, മുമ്പ് കളിച്ച കളിക്കാർ പരിശീലനത്തിന്റെ പകുതി മാത്രമേ പൂർത്തിയാക്കൂ. അവർക്ക് കളിക്കാൻ കഴിയുമോ ഇല്ലയോ എന്നത് ഇന്ന് കാണാം. ഇന്ന് അവസാനഘട്ട പരിശീലനം ഉണ്ടായിരിക്കും, അവർക്ക് ഇന്ന് എങ്ങനെ അനുഭവപ്പെടുമെന്ന് നോക്കും’.

‘ഗെയിമുകൾക്ക് ശേഷം എല്ലായ്‌പ്പോഴും സ്വകാര്യ പരിശീലനങ്ങളും വ്യക്തിഗത പരിശീലനങ്ങളും ഉണ്ട്. ഇന്നലെ ഞങ്ങൾ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ പരിശീലനം നടത്തി. റോഡ്രിഗോയ്ക്ക് എന്തെങ്കിലും വിചിത്രമായി സംഭവിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കെങ്ങനെ അറിയാമെന്ന് എനിക്കറിയില്ല. അവർ ലൈനപ്പിൽ ഉണ്ടാകുമോ എന്ന് നമുക്ക് ഇന്നത്തെ പരിശീലനത്തിൽ കാണാം,’ സ്‌കലോണി പറഞ്ഞു.

ക്വാർട്ടറിൽ നെതർലാൻഡ്‌സിനെ നേരിടാനൊരുങ്ങുന്ന അർജന്റീനക്ക് ആഘാതമായിരുന്നു റോഡ്രിഗോ ഡി പോളിന്റെ പരിക്ക്. അതേസമയം, ഡി പോളിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്ക് ആശ്വാസം നൽകുന്നതാണ്. എല്ലാം നന്നായി പോകുന്നുവെന്നും ഒരു പുതിയ ഫൈനലിനായി തയ്യാറെടുക്കുകയാണെന്നുമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരായ മത്സരത്തിലാണ് ഡി മരിയക്ക് പരിക്കേൽക്കുന്നത്.