പോലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ലോഞ്ചര്‍ ആക്രമണം

ചണ്ഡീഗഡ്: പഞ്ചാബില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ടാണ്‍ ടരണിലെ പോലീസ് സ്റ്റേഷന് നേരെയാണ് റോക്കറ്റ് ലോഞ്ചര്‍ കൊണ്ടുള്ള ആക്രമണം ഉണ്ടായത്. ഖാലിസ്ഥാന്‍ ഭീകരരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു ഭീകരാക്രണം. സംഭവത്തില്‍ ആര്‍ക്കും ആളപായം ഇല്ല. പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്ത്യ- പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തില്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.