രാജ്യസഭയിൽ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരണം: വിട്ടു നിന്ന് കോൺഗ്രസ് എംപിമാർ, അതൃപ്തിയുമായി ലീഗ്

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള സ്വകാര്യ ബില്‍ നാടകീയ സംഭവവികാസങ്ങള്‍ക്കിടയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയിലാണ് വിവാദ ബില്‍ അവതരണം നടന്നത്. രാജ്യത്ത് ഏക വ്യക്തി നിയമം ആവശ്യപ്പെടുന്ന ബില്‍ ബിജെപി എം പി കിരോഡി ലാല്‍ മീണ അവതരിപ്പിച്ച വേളയില്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും സഭയില്‍ സന്നിഹിതരല്ലാതിരുന്ന കാര്യം മുസ്ലീം ലീഗ് വിമര്‍ശനമായി ചൂണ്ടിക്കാട്ടി.

ബില്‍ അവതരിപ്പിക്കുന്ന നേരത്ത് കോണ്‍ഗ്രസ് നേതാക്കളാരും എത്താതിരുന്നതും എതിര്‍ക്കുന്നവരുടെ പട്ടിക വായിച്ചപ്പോഴും കോണ്‍ഗ്രസ് ഇല്ലാതിരുന്നതിലും ലീഗ് എം പിയായ പി വി അബ്ദുള്‍ വഹാബ് അതൃപ്തി അറിയിക്കുകയായിരുന്നു. ബില്ലിനെതിര പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമറിയിച്ച സമയത്തും കോണ്‍ഗ്രസ് എംപിമാരുടെ അഭാവമുണ്ടായിരുന്നു. കൂടാതെ കൂടുതല്‍ കോണ്‍ഗ്രസ് എം പിമാരും ബില്ലിനായുള്ള വോട്ടെടുപ്പില്‍ നിലപാടെടുക്കാതെ വിട്ടുന്നിന്നു. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള യുഡിഎഫ് മുന്നണി ബന്ധം അബ്ദുള്‍ വഹാബ് എം പിയുടെ പരസ്യ പ്രതികരണത്തിന് പിന്നാലെ സിപിഎം എം പിമാര്‍ പരിഹാസ രൂപേണേ ചൂണ്ടിക്കാട്ടി.

ബില്ലിനെ 63 പേര്‍ വോട്ടിംഗിലൂടെ പിന്തുണച്ചപ്പോള്‍ 23 പേര്‍ എതിര്‍പ്പറിയിച്ചു. വോട്ടെടുപ്പിലൂടെ സഭ അംഗീകാരം നല്‍കിയതോടെ ബില്‍ പിന്നീട് ചര്‍ച്ചയ്‌ക്കെടുക്കും. അതേ സമയം ഗവര്‍ണര്‍മാരുടെ അധികാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സ്വകാര്യ ബില്ലും ഇന്നലെ രാജ്യസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തിലെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള സ്വരചേര്‍ച്ച പരാമര്‍ശിച്ച്‌ ഗവര്‍ണറുടെ നിയമനവും പുറത്താക്കലും സംബന്ധിച്ച ബില്‍ സിപിഎം എം പിയായ വി ശിവദാസനാണ് രാജ്യസഭയുടെ പരിഗണനയ്ക്ക് വെച്ചത്.