രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് എംബസിയിൽ നിന്നും സാക്കിർ നായിക്കിൽ നിന്നും പണം വാങ്ങി: വിമർശനവുമായി അമിത് ഷാ

ഡൽഹി: അതിർത്തി സംഘർഷത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസ് അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുന്നത് അദ്ദേഹം പറഞ്ഞു

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് എംബസിയിൽ നിന്നും ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്നും പണം വാങ്ങിയെന്നും അതിനാലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയതെന്നും അമിത് ഷാ വ്യക്തമാക്കി. 2005, 2006, 2007 വർഷങ്ങളിൽ ചൈനീസ് എംബസി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻ തുക കൈമാറ്റം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

‘പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോൺഗ്രസ് നിർഭാഗ്യവശാൽ ചോദ്യോത്തര വേള തടസപ്പെടുത്തി. ഞാൻ ചോദ്യോത്തര വേളയുടെ ലിസ്റ്റ് കണ്ടു, ചോദ്യം നമ്പർ 5 കണ്ടപ്പോൾ എനിക്ക് കോൺഗ്രസിന്റെ ഉത്കണ്ഠ മനസിലായി. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ ലഭിച്ചു. ഇത് എഫ്‌സിആർഎ നിയമങ്ങൾ അനുസരിച്ചല്ലാത്തതിനാൽ രജിസ്‌ട്രേഷൻ റദ്ദാക്കി,’ ‘ആഭ്യന്തര മന്ത്രി വ്യക്തമാക്കി.